വായിച്ച പുസ്​തകങ്ങൾ മറ്റൊരാൾക്ക്​​​​​​​​നിർദേശിക്കുന്ന ‘ബുക്ക്​മാർക്ക്’

തന്റെ ബ്ലോഗ് എഴുത്തുകൾ വഴി വളരെ സുപരിചിതമാണ് അഭിലാഷ് മേലേതിൽ എന്ന പേര്. വായനയുടെ കാര്യത്തിൽ അഭിലാഷ് ഒരു അഗ്രഗണ്യനാണ് എന്നതും അദ്ദേഹത്തിന്റെ എഴുത്തുകൾ പിന്തുടരുന്ന ഏതൊരാൾക്കും അറിയുവാൻ സാധിക്കും. അദ്ദേഹം കഴിഞ്ഞ കുറെ കാലങ്ങളായി എഴുതിയ ഇരുപത്തി മൂന്ന് പുസ്തക കുറിപ്പുകളുടെ സമാഹാരമാണ് ബുക്ക്മാർക്ക് എന്ന പുസ്തകം. പുസ്തക കുറിപ്പുകളുടെ ഒരു സമാഹാരത്തിന് ഒരു കുറിപ്പ് എഴുതുക എന്നത് ഒരുപക്ഷെ വളരെ കൗശലമുള്ള ഒരു ശ്രമം തന്നെയാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ഈ കുറുപ്പ് എഴുതുന്നത്.

അഭിലാഷിന്റെ കുറിപ്പുകൾ സങ്കീർണ്ണമായ നിരൂപണങ്ങൾ അല്ല, മറിച്ച് വായനക്കാരനെ പുസ്തകം പരിചയപ്പെടുത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരുപക്ഷെ ബുക്ക്മാർക്കിന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഓരോ കുറുപ്പ് വായിക്കുമ്പോഴും അതിൽ പരാമർശിക്കുന്ന പുസ്തകം വായിക്കുവാൻ തോന്നത്തക്ക വിധം ലളിതമായ ഭാഷയിലാണ് അഭിലാഷിന്റെ എഴുത്ത്. താൻ വായിച്ച പുസ്തകങ്ങൾ മറ്റൊരാൾക്ക് നിർദ്ദേശിക്കുക എന്ന മനോഹരമായ പ്രവൃത്തിയാണ് ഈ പുസ്തകം എന്ന് പറഞ്ഞാലും തെറ്റില്ല.

മരിയാന എൻറിക്വിസ്, കാൾ നോസ്ഗാർഡ്, ആന്റോണിയോ സ്കാർമേറ്റ, ലാർസ് ഗുസ്റ്റഫ്സൺ, മൈക്കൽ ഒൻറ്റാജെ, കെൻ ലിയു, ആമോസ് ടുട്ടുവോള, മാരിയോ ബെനെറ്റിഡി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൺ, ബീഗിറ്റ് വാന്റെബേകി, സാന്റോർ മറായി, ജോൺ മക്ഗ്രെഗർ തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കുറിപ്പുകളാണ് ബുക്ക്മാർക്ക്. ഓരോ പുസ്തക കുറിപ്പും ഘടന ചെയ്തിരിക്കുന്ന രീതിയും വളരെ ലളിതമാണ്. തുടക്കത്തിൽ ഏഴുത്തുകാരനെ ചെറുതായി നമ്മുക്ക് പരിചയപ്പെടുത്തി തരും. അദ്ദേഹത്തിന്റെ മറ്റ് കൃതികളെ പരാമർശിക്കും. അഭിലാഷ് വായിച്ചവയാണേൽ അതിനെപ്പറ്റിയും സൂചിപ്പിക്കും. പുസ്തകത്തിന്റെ മൊത്തം ഉള്ളടക്കം പറയുന്നില്ലെങ്കിലും ഏകദേശ രൂപം വിവരിക്കും. അതോടപ്പം പുസ്തകത്തിലെ പ്രസക്ത വരികളോ ഭാഗങ്ങളോ ഉദ്ധരിക്കും. ഇത് ഒരു പുസ്തകത്തെയും ആ എഴുത്തുകാരന്റെ ശൈലിയെയും കൂടുതൽ ആഴത്തിൽ അറിയുവാൻ സഹായിക്കുന്നു.

എല്ലാ പുസ്തകങ്ങളെപ്പറ്റിയും നല്ലത് മാത്രമല്ല പറയുന്നത്, ചിലതിനെപ്പറ്റി മോശം അഭിപ്രായങ്ങളും പറയുന്നുണ്ട്. ഇത് അഭിലാഷ് എന്ന എഴുത്തുകാരന്റെയും വായനകാരന്റെയും കലർപ്പില്ലാത്ത സത്യസന്ധതയാണ് കാണിക്കുന്നത്. നോസ്ഗാർഡും, സെബാൾഡും പാമുക്കുമാണ് അഭിലാഷിന്റെ പ്രിയ എഴുത്തുകാരെന്ന് പുസ്തകം വായിച്ചു തീരുമ്പോൾ ഒരു ഏകദേശ ഊഹം ലഭിക്കും. രാഷ്ട്രീയ സാമൂഹിക സഹചാര്യങ്ങളെ വ്യക്തമായ കാഴ്ചപ്പാട് പുലർത്തികൊണ്ട് വിലയിരുത്തുന്നു എന്നതും കുറിപ്പുക്കളുടെ മേന്മയാണ്. അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സിനെ കുറിച്ചുള്ള കുറിപ്പിൽ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ട് ചൂൺണ്ടികാണിക്കുന്ന നിരീക്ഷണങ്ങൾ ഇതിനു ഉദാഹരണമാണ്. ജനാതിപത്യം, ലിംഗനീതി, ഫാസിസം, ലൈംഗിക വ്യക്തിത്വം, തുടങ്ങിയവയെപ്പറ്റി പല കുറിപ്പുകളിലും ഇത്തരത്തിൽ പരാമർശിക്കുന്നത് കാണാൻ സാധിക്കും. അതിക്രമത്തിന്റെ ചരിത്രം എന്ന കുറിപ്പിൽ വളരെ സമർത്ഥമായിട്ടാണ് വയലൻസിനെ പൂർണ്ണ വിശദാംശങ്ങളോടുകൂടി വിസ്തരിക്കുന്നത്. ഇതോടൊപ്പം തന്നെ സൂചിപ്പിക്കേണ്ടതാണ് ഉചിതവും രസകരവുമായ കുറിപ്പുക്കളുടെ തലക്കെട്ടുകളും.

ഓരോ കുറിപ്പ് വായിക്കുമ്പോഴും ആ പുസ്തകത്തെപ്പറ്റിയും എഴുത്തുകാരനെപ്പറ്റിയും വ്യക്തമായ ധാരണ അഭിലാഷിന് ഉണ്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. അത് അഭിലാഷിന്റെ അഗാധമായ വായനയുടെ ഫലമാണ്. വായനയുടെയും എഴുത്തിന്റെയും അധ്വാനത്തെപ്പറ്റി അഭിലാഷ് തന്നെ തന്റെ ബ്ലോഗ്ഗിൽ ഒരിക്കൽ കുറിച്ചത് നോക്കാം: "നൂറു ജോലിത്തിരക്കിനും മറ്റിനും ഇടയിലാണ് നമ്മളൊക്കെ പുസ്തകങ്ങൾ വായ്ക്കുന്നതും അതിനെപ്പറ്റി എഴുതുന്നതും. അഥവാ, ഒരു ക്രീയേറ്റീവ് ജോലി പോലെയാണ് വായനയും. അതിന് അതിന്റെതായ പരിശ്രമവും അധ്വാനവുമുൺണ്ട്. എന്തിനാണ് ഇൗ അധ്വാനവും പരിശ്രമവും നമ്മൾ ഇത്തരത്തിൽ ഒട്ടും ആദായകരമല്ലാത്ത ഒരു പ്രക്രിയയിൽ നിക്ഷേപിക്കുന്നു എന്നത് ഒരു വലിയ ചോദ്യമാണ്. ഒരാൾ എന്തുകൊണ്ട് വായിക്കുന്നു അല്ലെങ്കിൽ എഴുതുന്നു എന്നത് ഇവിടെ പ്രസക്തമാണ്. പലപ്പോഴും ഫിക്ഷൻനെപ്പറ്റി പറയുമ്പോൾ കേൾക്കുന്ന ഒന്നാണ് റിയാലിറ്റിയിൽ നിന്നുമുള്ള ഒരു എസ്കേപ്പിന് വേൺണ്ടിയാണ് ആളുകൾ ഫിക്ഷൻ വായിക്കുന്നതെന്ന്. ഇത് ഒരു പരിധി വരെ ശരിയാണുതാനും. പ്രത്യേകിച്ചും നവ മുതലാളിത ലോകത്ത് ജീവിക്കുന്ന സാധാരണ പൗരൻ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടുവാൻ വേണ്ടിയായിരിക്കാം അവൻ/അവൾ പുസ്തകങ്ങളെ ആശ്രയിക്കുന്നത്. സ്വകാര്യ ജീവിതത്തിൽ അൽഗോരിതത്തിന്റെ നുഴഞ്ഞുകയറ്റവും ആധുനിക പരസ്യ മാധ്യമങ്ങളുടെ സ്വാധീനവുമൊക്കെ പരിഗണിക്കുമ്പോൾ മുഖ്യധാരാ സാഹിത്യം ഇത്തരത്തിൽ വിറ്റഴിയുന്നതിന് ഒരു കാരണം ഇതാണ്. സിനിമ, സോഷ്യൽ മീഡിയ ഉപയോഗം മുതലായവയൊക്കെ ഇതിന്റെ ഉദാഹരങ്ങളാണ്. (ഈ വാദം കൊണ്ട് കലാമൂല്യമില്ലാത്ത സൃഷ്ടികളെ ന്യായീകരിക്കുവാനല്ല അല്ല ഉദേശിക്കുന്നത്.) ഇനി അഭിലാഷിനെ പോലെയുള്ള സീരിയസായി റീഡിംഗിനെ കാണുന്നവരിലേയ്ക്ക് വരാം. എന്താകും കൂടുതൽ വായിക്കുവാൻ അവർക്ക് പ്രചോദനം നൽകുന്ന ഘടകം? കൂടുതൽ വായിക്കുക ഇനിയും കൂടുതൽ വായിക്കുക. അതിനു സമയം കണ്ടെത്തുക. അവയെപ്പറ്റി എഴുതുക. വായനയുടെ അധ്വാനത്തെ ആസ്വദിക്കുക. അധ്വാന മൂല്യമുള്ള പ്രക്രിയയാണ് വായന എന്ന് അഭിലാഷ് തന്നെ പറയുന്നുൺ്. ഏതൊരു അധ്വാനമൂല്യമുള്ള യത്നം പൂർത്തിയാകുമ്പോഴും കിട്ടുന്ന സംതൃപ്തിയാണ് കൂടുതൽ വായിക്കുവാനുള്ള പ്രേരണ എന്ന പറഞ്ഞാലും ഒരു പക്ഷെ തെറ്റുണ്ടാകില്ല. വായന എന്നത് ഒരു ഏകമാന പ്രക്രിയയല്ല. ഒരു പുസ്തകം നമ്മളുടെ ശ്രദ്ധയിൽ വരുമ്പോൾത്തൊട്ടു വായന എന്ന പ്രോസസ്സ് ആരംഭിക്കുകയാണ്. ആ പുസ്തകത്തെയും അതിന്റെ രചയിതാവിനെയും തിരയുക, ആ പുസ്തകം എവിടെ വായിക്കുവാൻ ലഭിക്കും എന്നത് അന്വേഷിക്കുക തുടങ്ങി വായന തുടങ്ങുന്നതിനു മുന്നേ തന്നെ വായന എന്ന ബഹുമുഖ പ്രക്രിയ ആരംഭിക്കുയാണ്. ഗൂഗിൾ സെർച്ചും, ഓൺലൈൻ ബുക്സ്റ്റോർസം, കിൻഡിലുമൊക്കെ ലഭ്യമായ ഈ കാലത്ത് ഇത് താരതമ്യേനെ സുഖമമായ ഒരു പ്രയത്നമാണ്. (മുൻ തലമുറ എങ്ങനെ പുസ്തകം വായിച്ചു എന്നത് അതുകൊൺ് എന്നെ പോലെയുള്ളവർക്ക് എന്നും നിഗൂഢമായ ഒന്ന് തന്നെയാണ്.) ഇവിടെയും അത് അവസാനിക്കുന്നില്ല, വായിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകൾ, ഇനി അവയെപ്പറ്റി എഴുമ്പോൾ എന്തൊക്കെ ഏതൊക്കെ കാര്യങ്ങൾ പറയണം എന്ന ആലോചനകൾ. വായന പൂർത്തിയാക്കി കഴിഞ്ഞാലും പുസ്തകത്തെ പറ്റിയുള്ള ചിന്തകൾ തീരുന്നില്ല. അടുത്ത പുസ്തകം ഏത് വായിക്കണം എന്നതും വായനകരെ അലട്ടുന്നു. ഇത്തരത്തിൽ വായന ഒരു ആയുഷ്കാല പ്രക്രിയയാണ്. അത് വായനകരന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമാണ് പുലർത്തുന്നത്.

അടുത്തിടെ ഒരു ലേഖനത്തിൽ ഫിക്ഷൻ വായിക്കുന്നത് തൻമയീഭാവശക്തി (Empathy) വർദ്ധിപ്പിക്കുന്നു എന്ന് വായിച്ചിരുന്നു (shorturl.at/bHIMS). സമൂഹത്തെ കൂടുതൽ മനസ്സിലാക്കുവാനും അറിയുവാനും കെൽപ്പുള്ള ഒരു ഉപാധിയാണ് ഫിക്ഷൻ എന്ന് വേണമെങ്കിൽ ആ അർത്ഥത്തിൽ പറയാം. ട്രാൻസ്പോർട്ടേഷൻ തിയറിയെപ്പറ്റി വിവരിക്കുന്നത് ഇങ്ങനെ: “when we read fiction, we are emotionally transported into someone else’s world, absorbing their perspectives and fears and worries, treating them just like our own.” രാഷ്ട്രീയത്തെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും ഇടകലർത്തി, സങ്കീർണ്ണമായ മനുഷ്യ കഥാപാത്രങ്ങളുടെ കഥ പറയുമ്പോൾ, ഫിക്ഷനോളം പവർഫുൾ ആയ ഒരു മാധ്യമം വേറെ ഇല്ലെന്നത് നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഇതിനെ അല്പ്പം കൂടി വ്യാപ്തി വർദ്ധിപ്പിച്ചുകൊൺ് പ്രസ്താവിച്ചാൽ, വായന കേവലം ഒരു വ്യക്തിയെ മാത്രമല്ല മറിച്ച് ഒരു സമൂഹത്തെ തന്നെ ജനാധിപത്യ ബോധത്തിൽ വാർത്തെടുക്കുവാൻ കെൽപ്പുള്ള ഒന്നാണ് എന്ന് കാണാം. മുകളിൽ പരാമർശിച്ച ലേഖനം അവസാനിക്കുന്നതും ഇതരത്തിലാണ്: "Arguably, this empathy and ability to frame the world in its abject complexity shapes not only our individual identities, but social and democratic identities too." ചുരുക്കത്തിൽ പുസ്തങ്ങൾ മറ്റൊരാൾക്ക് പരിചയപ്പെടുത്തി കൊടുക്കുമ്പോൾ ഒരു സാമൂഹിക പ്രക്രിയയിൽ നമ്മൾ ഭാഗമാവുകയാണ്. ബുക്ക്മാർക്കിലൂടെ അഭിലാഷും. നേരത്തെ സൂചിപ്പിച്ചതുപോലെ പുസ്തകവായന എന്ന ബഹുമുഖ പ്രക്രിയയിലെ മറ്റൊരു ഘട്ടം എന്നോണം പുസ്തകങ്ങൾ മറ്റൊരാൾക്ക് നിർദേശിക്കുന്നതിനെയും അടയാളപ്പെടുത്തുവാൻ സാധിക്കും. പൊതുവേ പുസ്തക കുറിപ്പുകളുടെ സമാഹാരങ്ങൾ നമ്മുടെ നാട്ടിൽ അധികമില്ല. വരുന്നവയും ലേഖന സമാഹാരം എന്ന വേഷപ്പകർച്ച അണിഞ്ഞുകൊണ്ടാകും. (Is Indian Civilization a Myth? Sanjay Subrahmanyam ഒരു ഉദാഹരണമാണ്). മേൽപറഞ്ഞവയെല്ലാം പരിഗണിക്കുമ്പോൾ പുസ്തക കുറിപ്പുകളുടെ സമാഹാരം സീരിയസായി റീഡിംഗിനെ കാണുന്നവർക്കും അതിലേയ്ക്ക് കടന്നു വരുവാൻ താല്പര്യപ്പെടുന്നവർക്കും ഒരു വലിയ പ്രോൽസാഹനമാണ്.

ബുക്ക്മാർക്ക് ഒരു ഓർമ്മക്കുറിപ്പല്ല എന്നിട്ടും അഭിലാഷിന്റെ ജീവിതവുമായി വായന എത്രമാത്രം ചേർന്ന് നില്ക്കുന്നു എന്ന് നമ്മുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അത് തന്നെയാണ് അഭിലാഷിന്റെ എഴുത്തിന്റെയും ഈ പുസ്തകത്തിന്റെയും വിജയം. വായനയുടെ ലോകത്ത് എന്നെ പോലെയുള്ളവർ എത്ര മാത്രം എളിയവരാണ് എന്ന തിരിച്ചറിവും, അതോടൊപ്പം ഇനിയും ഒരുപാട് വായിക്കുവാനുള്ള പ്രചോദനവുമാണ് അഭിലാഷ് മേലേതിലിന്റെ ബുക്ക്മാർക്ക് എന്ന പുസ്തകം.

Write a comment ...

Write a comment ...