കോവിഡാനന്തര സിനിമ: ചില ചിന്തകള്‍

കോവിഡ് നിയന്ത്രണവിധേയമാവുന്നതോടെ ലോകം നവസാധാരണഗത എന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നാണ് വിവിധ മേഖലകളിലെ ചിന്തകരും വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. നവ സാധാരണഗതയെന്നാൽ എന്തെന്നതിനെ പറ്റി വ്യത്യസ്ഥ സമീപനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും പൊതുവായ ചില ധാരണകൾ ഉരുത്തിരിഞ്ഞു വന്നീടുണ്ട്. സിനിമ മേഖലയിലും അത്തരത്തിൽ കാണത്തക്ക മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

ഒ.ടി.ടി മേഖലയുടെ വളർച്ചയാണ് അത്തരത്തിൽ സിനിമയിൽ വന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. നെറ്ഫ്ലിസ്, ആമസോൺ പോലെയുള്ള കുത്തകകൾക്ക് പുറമെ അതേ മാതൃക പിന്തുടർന്നുകൊണ്ട് തദ്ദേശീയമായ ഒ.ടി.ടി. പ്ലാറ്റ്ഫോർമുകളും രാജ്യത്തു പുതുതായി കടന്നു വന്നിട്ടുണ്ട്. ഓൺലൈൻ റിലീസ് നടത്തുന്നതിന് അഭിനേതാകളെ ബഹിഷ്കരിക്കും എന്ന തീരുമാനങ്ങങ്ങൾ ചില സംഘടനകൾ നിലകൊണ്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. തങ്ങളുടെ കുത്തക നഷ്ടപ്പെടുന്നതിനോടുള്ള നീരസമായി ഇതിനെ കാണാവുന്നതാണ്. ആർക്കും സിനിമ ചെയ്ത് അത് കാണികളിലേയ്ക്ക് എത്തിക്കാം എന്നുള്ള സ്ഥിതിവിശേഷം ഉണ്ടായിത്തീരുന്നത് സിനിമ കൂടുതൽ ജനാധിപത്യം ആർജ്ജിക്കുന്നു എന്നതിന്റെ തെളിവായി കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഓൺലൈൻ റിലീസ് സാധ്യമായപ്പോൾ ഒരുപാട് പരീക്ഷണ സിനിമകൾക്കും മിതവാദ (minimalist) സിനിമകൾക്കും പ്രചോദനമായി. ഓൺലൈൻനായി റിലീസ് ചെയ്ത സിനിമകൾ കോവിഡിൻറ് പ്രത്യേക സാഹചര്യം കണക്കിൽ എടുത്ത് ഓസ്കാർ അവാർഡുകൾക്ക് പരിഗണിക്കും എന്ന അക്കാദമി തീരുമാനവും ഒ.ടി‌.ടി മേഖലയുടെ സ്വാധീനത്തിന്റെ പ്രതിഫലനമാണ്.

ഇത്തരത്തിൽ സിനിമ കൂടുതൽ വികേന്ദ്രീകൃതവും ജനാധിപത്യപരവുമാവുന്നതിലൂടെ സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവർക്കും അടിച്ചമർത്തപ്പെട്ടവർക്കും തങ്ങളുടെ കഥകളും ജീവിതങ്ങളും സിനിമയിൽ അവതരിപ്പിക്കുവാൻ കഴിയുന്നു. ഇത് സിനിമ എന്ന മാധ്യമത്തെ സംബധിച്ചിടത്തോളം ഒരു ശുഭ പ്രതീക്ഷയാണ്. ഇതിനുള്ള ചില സാക്ഷ്യങ്ങളും സിനിമ മേഖലയിൽ നിന്നും ദൃശ്യമാണ്. മുഖ്യധാരയിൽ അല്ലാത്ത സിനിമ പ്രവർത്തകർക്ക് തങ്ങളുടെ ചലച്ചിത്രങ്ങൾ കാണികളിലേയ്ക്ക് എത്തിക്കുവാൻ ഇത് സാധ്യമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ തന്നെ പ്രേക്ഷകർ പല ഭാഷകളിലുള്ള നാനാ ദേശങ്ങളിൽ നിന്നുള്ള ഒരുപാടു സിനിമകൾ തങ്ങളുടെ മൊബൈൽ സ്‌ക്രീനുകളിലൂടെ കാണുകയും ഉണ്ടായി എന്നത് നാം പരിഗണിക്കേണ്ട വസ്തുതയാണ്. ഇതും സിനിമ എന്ന മാധ്യമത്തിനും കലാരൂപത്തിനും നേട്ടമാണ്. ദൈനം ദിന ജീവിതത്തിന്റെ പ്രയാസങ്ങൾ കഴിഞ്ഞ വരുന്ന ഏതൊരാൾക്കും ഇത്തരത്തിൽ തങ്ങളുടെ സ്വന്തം സ്ക്രീനുകളിൽ സിനിമ കാണുവാൻ സാധ്യമായിട്ടുണ്ട്. സ്വന്തമായി മൊബൈൽ ഫോണും ഇന്റർനെറ്റുമുള്ള ചെറിയ ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ഇതും സാധ്യമായാത് എന്ന് നാം മറക്കരുത്.

എന്നാൽ വൻകിട കുത്തകകൾ ഒ.ടി.ടി മേഖലയും കീഴടക്കുന്നതോടുകൂടി സിനിമ വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് തന്നെ മടങ്ങും എന്ന സൂചനകൾ ചെറുതല്ല. അൽഗൊരിതത്തിന്റെ അതിപ്രസരവും കൂടി കണക്കിൽ എടുക്കുമ്പോൾ കോർപ്പറേറ്റുകൾക്ക് സിനിമയുടെമേലുള്ള ആധിപത്യമേറും. ലോക സിനിമയുടെ സിംഹ ഭാഗവും നിർമ്മിക്കപ്പെടുന്നത് ഹെഡ്ജ് ഫണ്ടുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടായതിനാൽ, നഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാണ് ഇന്ന് സിനിമകൾ നിർമ്മിക്കപ്പെടുന്നത്. നഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും മുഖ്യധാരയുയെയും സാമൂഹിക തൽസ്ഥിതിയെയും അധികാരവർഗ്ഗത്തെയും ചൊടിപ്പിക്കാത്ത സിനിമകളാകും അവ. ജാതി മത വർഗ ലിംഗ തട്ടുകളിൽ മുകളിൽ നിൽക്കുന്നവർ ഇത്തരത്തിൽ ചലച്ചിത്ര മേഖലയുടെയും മേൽ തട്ടിൽ തുടരാൻ ഇത് കാരണമാകുന്നു. അതായത് സിനിമയുടെ ആഖ്യാനത്തിൽ കാര്യമായ മാറ്റങ്ങൾക്കൊ പരിവർത്തനങ്ങൾക്കൊ ഇത് തടയിടുന്നു. അതോടൊപ്പം തന്നെ പരീക്ഷണ സിനിമകളുടെ വലിയ ഒരു സാധ്യതയുമാണ് അവിടെ തൽക്ഷണം വിശ്ചേദിക്കപ്പെടുന്നത്.

സിനിമ എന്നാൽ ചിത്രത്തിന്റെയും ശബ്ദത്തിന്റെയും സംയോചനമാണ്, സിനിമകൾ മൊബൈൽ ലാപ്ടോപ്പ് സ്‌ക്രീനുകളിലേയ്ക്ക് ഒതുങ്ങുമ്പോൾ ദൃശ്യവും ശബ്‌ദവും സാങ്കേതികവിദഗ്ധർ ഉദ്ദേശിച്ച അതെ നിലവാരത്തിൽ കാണികൾക്ക് ആസ്വദിക്കുവാൻ സാധ്യമവില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. അതുകൊണ്ടു തന്നെ സിനിമ വീണ്ടും വലിയ സ്‌ക്രീനുകളിലേയ്ക്ക് മടങ്ങി വരിക തന്നെ ചെയ്യും. പക്ഷെ അതിന്റെ മുറകളും സൂത്രങ്ങളും കോവിഡാനന്തര കാലത്ത് മാറ്റങ്ങൾ വിദേയേമാകും എന്നതിൽ സംശയമില്ല. നവ-ലിബറൽ സാമ്പത്തിക യുഗത്തിൽ സിനിമയും കേവലം വിപണിയിലെ ഒരു ഉൽപ്പനം മാത്രമായി ചുരുങ്ങുമ്പോൾ ചലച്ചിത്രമേഖലയിൽ വരുംകാലങ്ങളിൽ വരാൻ പോകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്.

Write a comment ...

Write a comment ...