ആളുകൾ എന്തുകൊണ്ട് എഴുതുന്നു

ആളുകൾ എന്തുകൊണ്ട് എഴുതുന്നു എന്നത്  വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ്. മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കവെ അജയ് പി മങ്ങാട്ട് എഴുത്തിനെപ്പറ്റി പറഞ്ഞത് "അഹന്തയല്ലാതെ ഒന്നും നമ്മളിലില്ല എന്ന് തോന്നുമ്പോഴാണ് എഴുതിപ്പോകുന്നത്" എന്നാണ്. എന്താണ് ഈ അഹന്ത മാത്രമുള്ള അവസ്ഥ? താൻ പറയുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്ന അവസ്ഥയാണോ അത്? മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ലോക സാഹിത്യത്തിലെ പുസ്തകങ്ങൾ വായിക്കുന്ന അത്യപ്പൂർവ്വം വായനക്കാരിൽ ഒരാളാണ് അജയ്. അത്രയും വായിച്ച ഒരാൾക്ക് തോന്നാവുന്ന സ്വാഭാവികമായ അഹങ്കാരമാണോ ഇത്, അതോ  എഴുതുന്നതിനു മുന്നേ ഇങ്ങനെ ഒരു മാനസിക അവസ്ഥയിൽ കൂടെ ആണോ എല്ലാവരും കടന്ന് പോകുന്നത്? എഴുതുന്നത് ഒരു ഫോം ഓഫ് എക്സ്പ്രെഷനാണ്. നമ്മുടെ മനസിലുള്ള ശരികളെ വേറെ ഒരാളുടെ മുന്നിൽ അവതരിപ്പിക്കുക. അവരെ കൂടി ആ ശരികളിൽ വിശ്വസിപ്പിക്കുക. തീർച്ചയായും അതിൽ കുറച്ചെങ്കിലും തലക്കനം അടങ്ങി ഇരിപ്പുണ്ട്. അതിനേക്കാൾ  ഉപരി സംവാദത്തിന്റെ ഒരു തുറന്ന വേദിയാണ് എഴുത്ത്. സ്വന്തമായും വായനക്കാരനുമായി ഒരേ സമയം സംവാദിക്കാൻ ശേഷിയുള്ള ഒരിടം. എഴുതുന്നതിന്റെ ഫലമായി നമ്മുടെ മനസിലുള്ള ചിന്തകൾക്കും ആശയങ്ങൾക്കും വൃക്തത ലഭിക്കുന്നു. വായനക്കാർക്ക് യോജിപ്പുകളും വിയോജിപ്പുകളും തോന്നാം അവയോട്. എഴുതുകയും വായിക്കുന്നതും വഴി നമ്മുടെ അഭിപ്രായങ്ങളും സദാ പരിണമിക്കുന്നു . ജീവിതത്തിൽ വായിച്ച പുസ്തകങ്ങളുടെയും കണ്ട സിനിമകളുടെയും കടന്നു പോയ ജീവിത അനുഭവങ്ങളുടെയും എല്ലാം ഒരു തരം ഫൈനൽ ഔട്ട്പുട്ടാണ് എഴുത്ത്. അതുകൊണ്ട് ഒരുപക്ഷെ ഒരാളുടെ എഴുത്ത് അയാളുടെ മാത്രം സൃഷ്ടി ആണെന്ന് ഉറപ്പിച്ചു പറയുക സാധ്യമല്ല. 

മീശ നോവലിന്റെ ആമുഖത്തിൽ എസ് ഹരീഷ് തന്റെ എഴുത്തിനെപ്പറ്റി പറയുന്നത് ഇങ്ങനെ: "ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല, മറ്റുള്ളവർ തന്നതാണ്. ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട്. ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാൻ രണ്ടുകൈയും ഉയർത്തി കീഴടങ്ങും." ഒരുപക്ഷെ എഴുത്തിനെ സംബന്ധിച്ച് അധികമാരും തുറന്നു സമ്മതിക്കാൻ തയ്യാറാവാത്ത ഒന്നാണ് വളരെ ധൈര്യമായി ഹരീഷ് ഇവിടെ പറയുന്നത്. ഒരു കാഴ്ചയോ ഒരു വരിയോ നമ്മെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് കൃത്യമായി അളന്നു ചിട്ടപ്പെടുത്തി പറയുക പ്രയാസമാണ്. എഴുതിയ ഒരു വരിയുടെ ഉറവിടത്തിന് കാരണമായ ചിന്തയെ ചികഞ്ഞെടുക്കുക അതുകൊണ്ട് വളരെ പ്രയാസമേറിയ ഒന്നാണ്. 

മുകളിൽ പറയുന്ന അജയ്യുടെ ചർച്ചയിൽ അജയ്  പറയുന്ന മറ്റൊരു കാര്യം തന്റെ "സുഹൃത്തുക്കളായ എഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നതാണ് എഴുത്തിലേയ്ക്ക്" തന്നെ നയിക്കാൻ കാരണമായത് എന്നാണ്. സാഹിത്യത്തെ സംബധിച്ചിടത്തോളം പുതുമ എന്നത് വായനക്കാർ ആഗ്രഹിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ പുതുതായി എന്തെങ്കിലും കൊണ്ടുവരാൻ എഴുത്തുകാർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ പുതുമ കൊണ്ടുവരുമ്പോഴാണ് സാഹിത്യ രചനയുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നത്. നോർവേജിയൻ എഴുത്തുകാരൻ കാൽ ഓവ് നൊസ്‌ഗാർഡ് തന്റെ ആത്മകഥാപരമായ നോവൽ മൈ സ്ട്രഗിളിൽ സാഹിത്യത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:  "That is its sole law: everything has to submit to form. If any of literature’s other elements are stronger than form, such as style, plot, theme , if any of these overtake form, the result suffers. That is why writers with a strong style often write bad books. That is also why writers with strong themes so often write bad books. Strong themes and styles have to be broken down before literature can come into being. It is this breaking down that is called 'writing.' Writing is more about destroying than creating."

നൊസ്‌ഗാർഡ് പറയാൻ ശ്രമിക്കുന്നത് ഒരാൾക്ക് എത്ര നല്ല ആശയങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും എഴുത്തിന്റെ ചട്ടക്കൂടിനുള്ള അത് ഒതുങ്ങുന്നില്ലെങ്കിൽ അത് വായനക്കാരിലേക്ക് കടന്ന് ചെല്ലുന്നതിൽ വിജയിക്കില്ല എന്നാണ്. അതായത് ആശയങ്ങൾ അവതരിപ്പിക്കുന്നതിനു വളരെ പ്രാധാന്യം ഉണ്ട്. നൊസ്‌ഗാർഡ് പറഞ്ഞതിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ട് പോവുകയാണേൽ, എഴുത്ത് എന്ന പ്രക്രിയ എഴുത്തിന് ശേഷവും തീരുന്നില്ല. ഒരു ഉദാഹരണം എന്നോണം എഴുത്തിനെ ഒരു സിനിമയുടെ എഡിറ്റിംഗുമായി താരതമ്യം ചെയ്യാം. ഒരു സീൻ എന്നത് അനേകം ഷോട്ടുകളുടെ സംയോഗമാണ്. ഈ ഷോട്ടുകൾ ഏതു ക്രമത്തിൽ വരുമ്പോഴാണ് പ്രേക്ഷകന് ദൃഷ്ടിഗോചരമായി സിനിമ എന്ന മാധ്യമവുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധിക്കുക എന്ന് തീരുമാനിക്കുക. അത് എഡിറ്റിംഗ് ടേബിളിൽ ഇരിക്കുന്ന സംവിധായകൻ്റെ  സർഗ്ഗാത്മകതയാണ്. വൈഡ് ഷോട്ടുകൾ, ക്ലോസ്-അപ്പ് ഷോട്ടുകൾ എസ്റ്റാബ്ലിഷ്‌മെന്റ് ഷോട്ട് തുടങ്ങിയവയുടെ എല്ലാം ക്രമവും ദൈർഖ്യവും വളരെ പ്രധാനമാണ്. സമാനമായി ഖണ്ഡികയുടെയും വാക്യങ്ങളുടെയും ക്രമം, അവയുടെ നീളം, കാച്ചികുറുക്കേണ്ടിടത്ത് അങ്ങനെ, എന്നിങ്ങനെ എഴുത്തിന്റെ രൂപഘടന അനുസരിച്ചിരിക്കും അത് വായനക്കാരിൽ ഉണ്ടാക്കുന്ന പ്രഭാവത്തിന്റെ അളവ്. എന്നാൽ ഇതിനെ സാമാന്യവൽക്കരിക്കുന്നതും വിവേകശൂന്യമാണ്. എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ല എഴുത്തെന്ന 'പ്രോസസ്സ്'. ചിലർ എഴുതിയതിനു ശേഷം ആവും ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുക ചിലർ എഴുതുന്നതിന്റെ ഒപ്പം തന്നെയാവും മാറ്റങ്ങൾ വരുത്തുക മറ്റു ചിലർ മനസ്സിൽ മാറ്റങ്ങൾ വരുത്തികൊണ്ടാകും എഴുതുക ഇനി വേറെ ഒരു കൂട്ടം മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയെന്ന് വരില്ല. അവസാന ഗണത്തിൽപ്പെട്ടവരാകും ഒരുപക്ഷെ മഹാന്മാർ. 

അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉന്നയിക്കപ്പെടും. ആർക്ക് വേണ്ടിയാണ് നമ്മൾ എഴുതുന്നത്? നമുക്ക് വേണ്ടിയോ അതോ വായനക്കാർക്കു വേണ്ടിയോ? വായിക്കപ്പെടുവാൻ വേണ്ടിയോ അതോ എഴുതുക എന്ന സ്വന്തം ആവശ്യത്തിന് വേണ്ടിയോ? ആത്മകഥാപരമായ നോവലുകൾ എഴുതുന്നതിൽ പ്രശസ്തയായ ആനി എർണോ തന്റെ 'സിമ്പിൾ പാഷൻ' എന്ന നോവലിൽ  തന്റെ എഴുത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെ: "Sometimes I wonder if the purpose of my writing is to find out whether other people have done or felt the same things or, if not, for them to consider experiencing such things as normal . Maybe I would also like them to live out these very emotions in turn, forgetting that they had once read about them somewhere."  ഒരുപക്ഷെ വായനക്കാരുമായി ഒരുതരം ആത്മബന്ധമാണ്  എഴുത്തുകാരി ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. തന്റെ അനുഭവങ്ങൾ വായനക്കാരുടെ മുന്നിലേയ്ക്ക് തുറന്ന് വെക്കുമ്പോൾ ആൾക്കൂട്ട വിചാരണക്ക് മുന്നിൽ നിക്കുന്നതിനു സമാനമാണ്. സിമ്പിൾ പാഷൻ എന്ന നോവൽ എഴുത്തുകാരിയുടെ ഒരു രഹസ്യ പ്രേമബന്ധത്തെപറ്റിയാണ്. ഇങ്ങനെ ഒന്ന് എഴുതുമ്പോൾ തീർച്ചയായിട്ടും അവർക്ക് ഭയവുമുണ്ട് നേരത്തെ പറഞ്ഞ ആ ആൾക്കൂട്ട വിചാരണയെ കുറിച്ച്. അതിനെപറ്റി അവർ മാറ്റൊരിടത്ത് എഴുതുന്നത് ഇങ്ങനെ: "Having to answer questions such as 'Is it an autobiography?' and having to justify this or that may have stopped many books from seeing the light of day, except in the form of a novel, which succeeds in saving appearances." ഇനി ജിം ജാർമുഷ് സംവിധാന ചെയ്ത പാറ്റേഴ്സൺ എന്ന സിനിമ പരിശോധിക്കാം. അതിലെ കേന്ദ്ര കഥാപാത്രം ഒരു ബസ് ഡ്രൈവറാണ്. എന്നാൽ തന്റെ ഒഴിവ് സമയങ്ങളിൽ അയാൾ കവിതകൾ എഴുതും. അയാളുടെ ജീവിതം മൊത്തം ചുറ്റിത്തിരിയുന്നത് അയാളുടെ കവിത എഴുത്തിലാണ്.  അയാളുടെ കവിതകൾ ലോക പ്രസിദ്ധിയുള്ളവ ആവണം എന്ന ആഗ്രഹമില്ല അയാൾക്ക്. അയാൾ എഴുതുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. എല്ലാവരും ഇങ്ങനെ ആണോ എഴുത്തിനെ കാണുന്നത്?  ഏഴുത്തും ഒരു കലാരൂപമാണ്. ഇന്ന് അതൊരു ഉല്പന്നമാണ്. എഴുതിയ രചനക്ക് അഭിനന്ദനം ആഗ്രഹിക്കുന്നത് മനുഷ്യസഹചമാണ്. അവിടെ എഴുത്തുകാർ പ്രശസ്തി ആഗ്രഹിക്കുമായിരിക്കും. കുറഞ്ഞ പക്ഷം എഴുതിയത് ആളുകൾ വായിക്കണം എന്ന ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാവില്ല. തന്റെ എഴുത്തുകൾ മറ്റുള്ളവർ വായിച്ചതിനു ശേഷം അഭിനന്ദന പ്രവാഹം സ്വപ്നം കാണാത്ത എഴുത്തുകാർ ചുരുക്കമായിരിക്കും. തൂലികാനാമത്തിൽ എഴുതുന്നവർ എങ്ങനെ ആണ് എഴുത്തിനെ കാണുന്നത്? ഇതുവരെ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത എലേന ഫെറാന്റെ വിശ്വസിക്കുന്നത് "books, once they are written, have no need of their authors " എന്നാണ്. അവർ എഴുതുന്നു വായനക്കാർക്കും ലോകത്തിനും സമർപ്പിച്ചതിന് ശേഷം സ്വന്തം ജീവിതത്തിലെയ്ക്ക് മടങ്ങുന്നു. എന്താകും സ്വന്തം സ്വത്വം പുറലോകത്തിന് ദൃശ്യമാക്കാതെ എഴുതുന്നതിൻ്റെ പിന്നിലെ ചേതോവികാരം?  സങ്കീർണവും ആശയ കുഴപ്പങ്ങൾ ഉളവാക്കുന്നതുമായ ഉത്തരങ്ങളിലേയ്ക്കും ചോദ്യങ്ങളിലേയ്ക്കും അവ നയിക്കുന്നു. വായനക്കാർക്കും എഴുത്തുകാർക്കും ഒരുപോലെ ബാധകമായ ഒരു തരം അസ്തിത്വ പ്രതിസന്ധിയിലേക്ക്.


Write a comment ...

Write a comment ...