ദി റില്ക്ടന്റ്ഫണ്ടമെന്റലിസ്റ്റ് - മൊഹ്സിൻ ഹമീദ്

മൊഹ്സിൻ ഹമീദ് എഴുതി 2007ൽ പ്രസിദ്ധീകരിച്ച നോവലാണ് ദി റില്ക്ടന്റ് ഫണ്ടമെന്റലിസ്റ്റ്. അമേരിക്കയിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടുകൂടി പഠനം പൂർത്തിയാക്കി ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുകയും എന്നാൽ തന്റെ അമേരിക്കൻ സ്വത്വം ഉപേക്ഷിച്ച് പാകിസ്ഥാനിൽ തന്നെ തിരിച്ചു വരുന്ന ജെങ്കിസിന്റെ കഥയാണ് ഈ നോവൽ.
നോവൽ ആരംഭിക്കുന്നത് ലാഹോറിലെ ഒരു കഫെയിൽ ജെങ്കിസ് ഒരു അമേരിക്കകാരനെ കണ്ടുമുട്ടുന്നിടത്താണ്. താൻ എങ്ങനെ അമേരിക്കയിൽ നിന്നും പാകിസ്ഥാനിൽ തിരിച്ചെത്തിയെന്ന് ഓരോ ചെറു കഥകളിലൂടെ ജെങ്കിസ് തന്റെ എതിർവശം ഇരിക്കുന്ന വെള്ളക്കാരനോട് പറയുന്നതിലൂടെയാണ് നോവൽ മുന്നോട്ട് നീങ്ങുന്നത്. തന്റെ പ്രണയം എങ്ങനെ നഷ്ടപ്പെട്ടു, താൻ എന്തുകൊണ്ട് ജോലി ഉപേക്ഷിച്ചു എന്നെല്ലാം ഈ ആഖ്യാനത്തിലൂടെ വായനക്കാരൻ മെല്ലെ അറിയുന്നു. ഒരു വെള്ളക്കാരനോട് സംവാദിക്കുന്ന വിധത്തിലാണ് നോവൽ വായനക്കാരനോട് സംസാരിക്കാൻ ശ്രമിക്കുന്നത്. ഒരുപക്ഷെ ദി റില്ക്ടന്റ് ഫണ്ടമെന്റലിസ്റ്റ് എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഒരു പാകിസ്താൻകാരനോട് ഒരു  വെള്ളക്കാരന് ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ മുൻവിധികളും വായനക്കാരനും ഇത്തരത്തിൽ മനസ്സിൽ രൂപപ്പെടുന്നു.
പതിഞ്ഞെട്ടം വയസ്സിലാണ് ജെങ്കിസ് സ്കോളർഷിപ്പോടുകൂടെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തുന്നത്.  തന്റെ ഇച്ഛാശക്തികൊണ്ടും  പ്രയ്തനം കൊണ്ടും യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്ന ജെങ്കിസ് ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ അണ്ടെർവുഡ് സാംസൺ ആൻഡ് കമ്പനിയിൽ ജോലിക്കു പ്രവേശിക്കുന്നു. പഠനം പൂർത്തിയാക്കി ഗ്രീസിൽ അവധി ആഘോഷിക്കുന്ന വേളയിലാണ് ജെങ്കിസ് എറിക്കയെ കണ്ടുമുട്ടുന്നത്. എറിക്കയുടെ കാമുകൻ മരിച്ചു പോയതാണ്. ആ സ്ഥാനത്തേക്ക് അവൾക്ക് ജെങ്കിസിനെ  പകരക്കാരനായി കാണുവാനും സാധിക്കുന്നില്ല. ഒട്ടും തിടുക്കം കാട്ടുന്നില്ലെങ്കിലും ഇത് ഒരുതരം നിരാശയും അവനിൽ ജനിപ്പിക്കുന്നുണ്ട്.  താൻ പാകിസ്ഥാൻ വംശജനായിട്ടു കൂടി തന്റെ പെരുമാറ്റത്തിലും ജീവിത ശൈലിയുമൊക്കെയായിട്ട് ഒരു മാതൃക അമേരിക്കൻ പൗരനായിട്ടാണ് ജെങ്കിസ് കഴിഞ്ഞു കൂടിയത്. ഒരുതരത്തിൽ തന്റെ പാക്സിതാൻ സ്വത്വത്തെ മറക്കുവാൻ ജെങ്കിസ് അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്.  ഇത് കേവലം അപഹർഷത ബോധം അല്ല, കാരണം എറിക്കയോട് തന്റെ പാകിസ്താനിലെ കഥകൾ പറയുമ്പോഴുള്ള ആവേശം ഇതിനു തെളിവാണ്. 
ജെങ്കിസ്, വെളുത്ത വർഗ്ഗത്തിൽ അല്ലാത്ത ലോകത്തിലെ എല്ലാ വംശജരുടെയും ഒരു പൊതു പ്രതീകമാണ്. ലോക മുതലാളിത്തം വളർന്നു പന്തലിച്ച ഈ കാലഘട്ടത്തിൽ 'അമേരിക്കൻ ഡ്രീം' എന്നത് ഏഷ്യ/ആഫ്രിക്ക/ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ യുവ തലമുറ സ്വപനം കാണുന്ന ഒന്നാണ്. അത് കേവല സുഖലോപങ്ങളോടുള്ള  ഭ്രമം കൊണ്ട് മാത്രമല്ല ആത്മാഭിമാനം നേടുന്നതിനുകൂടിയാണ്. ജെങ്കിസ്  ഒരു അമേരിക്കകാരൻ ആകാനാണ് ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. തന്റെ തനി സ്വത്വത്തെ അറിഞ്ഞോ അറിയാതെയോ മറച്ചു പിടിക്കാൻ അവൻ ശ്രമിക്കുന്നു. ഈ സമയത്താണ് 9 /11 ഭീകരാക്രമണം നടക്കുന്നത്. എന്തുകൊണ്ടോ അമേരിക്കയുടെ തകർച്ച ജെങ്കിസിൽ സന്തോഷം ഉണർത്തി, അഥവാ മറ്റു അമേരിക്കക്കാരുടെ പോലെ ജെങ്കിസിന്  അതിൽ വിഷമം വരുന്നില്ല. ഇത് തീവ്രമായ സംഘർഷങ്ങളിലേക്കാണ് ജെങ്കിസിനെ തള്ളി വിടുന്നത്. ഒരു വെള്ളക്കാരൻ അല്ലാത്തവന് തോന്നാവുന്ന ഒരു സ്വാഭാവിക തോന്നൽ മാത്രമാണ് ഇത്. ജെങ്കിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആപ്ത വാക്യം ഫോക്കസ് ഓൺ ഫണ്ടമെന്റൽസ് (Focus on Fundamentals) എന്നാണ്. മറിച്ച് ഫണ്ടമെന്റലിസം എന്നാൽ  മൗലികവാദം എന്നും. ഫണ്ടമെന്റൽസും ഫണ്ടമെന്റലിസവും ജെങ്കിസിനെ തകിടം മറിക്കുന്നു. 9 /11 നു ശേഷം അമേരിക്ക തന്നെ മാറിയിരുന്നു. തന്റെ പാക്സിതാൻ സ്വത്വത്തെ ആളുകൾ സംശയത്തോടും ഭീതിയോടും കൂടെയാണ് കാണുന്നത് എന്ന് ജെങ്കിസ് മനസിലാക്കുന്നു. ആഗോളതയുടെ പര്യായം എന്ന വിശ്വസിച്ചിരുന്ന ന്യൂയോർക്കും ഇപ്പോൾ അമേരിക്കൻ കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അപ്രതീക്ഷിതമായിരുന്നു ആ പ്രതികരണം.
9 /11 നു ശേഷം നടപ്പിലാക്കിയ വാർ ഓൺ ടെറർ എന്ന അമേരിക്കൻ നയത്തിനോടുള്ള ശക്തമായ രാഷ്ട്രീയ പ്രതിഷേധം എന്നോളം നോവലിനെ കാണാൻ സാധിക്കും. അഫ്ഘാനിസ്ഥാൻ, ഇറാൻ സിറിയ അങ്ങനെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങൾ ചില്ലറയല്ല. കഴിഞ്ഞ അൻപത് കൊല്ല കാലയളവിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളിൽ പങ്കെടുത്തതും എന്നാൽ അതിൽ ഒരണം പോലും സ്വന്തം നാട്ടിൽ ഏർപ്പെടാതെ യുദ്ധം ചെയ്യുകയും ചെയ്ത രാജ്യമാണ് അമേരിക്ക. കോർപ്പൊറേറ്റിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏറ്റവും മലീമസമായ ഉദാഹരണമാണ് അമേരിക്കൻ നയങ്ങൾ. വാർ ഓൺ ടെററിനെ മറയാക്കി അമേരിക്കൻ സർക്കാരുകൾ തങ്ങളുടെ ഈ നയം നടപ്പിലാക്കുന്നത് ഇന്നത്തെ ആഗോള യാഥാർത്ഥ്യമാണ്. അമേരിക്കൻ മുതലാളിത്തവും സാമ്രാജ്യത്വം കെട്ടി പടുത്തിരിക്കുന്നത് ഏഷ്യൻ/ആഫ്രിക്കൻ/ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വിഭവങ്ങളെയും മനുഷ്യരെയും അടിമകളാക്കികൊണ്ടാണ്. സ്വാർത്ഥ താല്പര്യങ്ങൾക്ക് ഇന്നും അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഉക്രൈൻ റഷ്യ യുദ്ധം ആയാലും ഇന്ത്യ പാകിസ്ഥാൻ തർക്കങ്ങളായാലും അമേരിക്കൻ സ്വാർത്ഥ ഇടപെടലുകൾ വ്യകതമാണ്.
പാകിസ്ഥാനിൽ തിരിച്ചെത്തുന്ന ജെങ്കിസ് അവിടെയൊരു യൂണിവേഴ്സിറ്റിയിൽ അധ്യാപകനാവുകയും അമേരിക്കൻ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവിടെ അയാളുടെ 'ഫണ്ടമെന്റൽ' അക്രമരാഹിത്യമാണ്. പ്രതിഷേധ കൂട്ടായ്മകളും ചർച്ചകളുമാണ് അവരുടെ മാർഗ്ഗം. വായനക്കാരന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തുകൊണ്ട് ജെങ്കിസിന് എന്ത് സംഭവിച്ചു എന്ന്  ഒട്ടും വ്യക്തത ഇല്ലാതെയാണ്  നോവൽ അവസാനിക്കുന്നതും. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ സമരം ചെയ്ത ആളുടെ വിധി എന്താണെന്ന് എഴുത്തുകാരനോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.
പി.എസ്.: നോവലിലെ ഒരു ഭാഗത്ത്  ഇന്ത്യയെ നിഷിദ്ധമായി വിമർശിക്കുമ്പോൾ എന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന അമിത ഇന്ത്യ ദേശീയതയും പുറത്തു വന്നു എന്ന  കുറ്റസമ്മതവും നടത്തുന്നു.

Write a comment ...

Write a comment ...