കന്നഡ കവിയും ചിന്തകനുമായ ദേവനൂർ മഹാദേവയുടെ പുതിയ പുസ്തകം 'ആർ.എസ്.എസ്: ആല മത്തു അഗല' (RSS: The Long and Short of It) പുറത്തു വരുന്നത് കഴിഞ്ഞ വർഷമാണ്. ഇതിനോടകം തന്നെ ഹിന്ദി, തെലുഗു, തമിഴ്, ഇംഗ്ലീഷ് ഉൾപ്പടെ നിരവധി ഭാഷകളിൽ പുസ്തകം വന്നു. ഏതാണ്ട് പതിനായിരം കോപ്പികൾ കന്നഡയിൽ മാത്രം വിറ്റു പോയി എന്നാണ് പ്രസാധകരയുടെ വാദം.
ഒരുപക്ഷെ കൂസൽ ഇല്ലാത്ത സാഹിത്യകാരൻ എന്നതിന് ഉത്തമ ഉദാഹരണമാണ് ദേവനൂർ മഹാദേവ. ഇതിനർത്ഥം അനുകമ്പയോ സഹാനുഭൂതിയോ ഇല്ലാത്ത ഒരാളാണ് ദേവനൂർ എന്നല്ല. മറിച്ച് അധികാരവർഗ്ഗത്തോടു കൂസൽ ഇല്ല എന്നാണ്. രാജ്യസഭ സീറ്റ് നിരസിച്ചതായാലും സാഹിത്യ അക്കാഡമി അവാർഡ് നിരസിച്ചതായാലും, ഇതെല്ലം ആ കൂസൽ ഇല്ലായ്മയുടെ അടയാളപ്പെടുത്തലാണ്. അതുകൊണ്ട് മുഖസ്‌തുതികൾ കൊണ്ടോ സ്നേഹ സംഭാഷണങ്ങൾ കൊണ്ടോ ദേവനൂർ മഹാദേവയെ വശീകരിക്കുവാൻ സാധിക്കില്ല. ഇത് അദ്ദേഹത്തിന്റെ ആരാധകർക്കും വിമർശകർക്കും ഒരുപോലെ അറിയാവുന്നതുമാണ്. ദേവനൂർ മഹാദേവ ഒരു ദളിത് എഴുത്തുകാരനാണ്. പക്ഷെ അത്തരത്തിൽ അറിയപ്പെടാനല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. ദളിതൻ എന്നത് മോശമായതു കൊണ്ടല്ല മറിച്ച്, ദളിതർ ദളിതരുടെ മാത്രം പ്രശ്നങ്ങൾ സംസാരിക്കുന്നവരും സവർണ്ണജാതിക്കാരായ 'എഴുത്തുകാർ' മാനവരാശിയുടെ മുഴുവൻ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ആഗോള പൗരന്മാരുമാണ് എന്നുള്ള തെറ്റായ സവർണ്ണ ചിന്താഗതിയെ മറികടക്കുവാൻ വേണ്ടിയാണിത്. അതുകൊണ്ട് തന്നെ ദേവനൂർ മഹാദേവ ഒരു എഴുത്തുകാരൻ എന്ന അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതും. സോഷ്യലിസ്റ്റ് ചിന്തകളും അംബേദ്കറുടെ ചിന്തകളും സംയോചിപ്പിച്ച് കർഷകരുടെയും ദളിതരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ദേവനൂർ മഹാദേവ ശ്രമിച്ചിട്ടുള്ളത്. അടുത്ത കാലത്ത് കർണാടകയിൽ ദൃശ്യമായ സംഘപരിവർ ശക്തികളുടെ വളർച്ചയെ സാക്ഷ്യം വഹിക്കേണ്ടി വന്ന കന്നഡ സാഹിത്യ-ബൗദ്ധിക മണ്ഡലത്തിലത്തിൽ നിന്നുമുള്ള സ്വാഭാവികമായ പ്രതികരണമായി അതുകൊണ്ട് തന്നെ ഈ പുസ്തകത്തെയും നോക്കി കാണാവുന്നതാണ്.
കേവലം നൂറു പേജ് പോലും തികച്ചില്ലാത്ത ഈ ലഘു പുസ്തകം സംഘപരിവാറിനെ ചെറുതായിട്ടല്ല സ്വര്യം കെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള വധ ഭീഷണികളും അധിക്ഷേപങ്ങളും തുടരുകയാണ്. എന്താണ് സംഘപരിവാറിനെ ഇത്രയും മാത്രം ചൊടിപ്പിക്കാൻ തക്ക രീതിയിൽ ആ പുസ്തകത്തിൽ ഉള്ളത് എന്നത് വളരെ കൗതകം ഉണർത്തുന്ന ഒരു ചോദ്യമാണ്. സംഘപരിവാറിന്റെ നെടുംതൂണായ ആർഎസ്എസ്സിനെ സംക്ഷിപ്‌തമായി വരച്ചു കാണിക്കുയാണ് ദേവനൂർ മഹാദേവ. കടുകട്ടി വാക്കുകളോ സങ്കീർണ്ണമായ വാക്യങ്ങളോ ഇല്ലാതെ വളരെ ലളിതമായി ഏതൊരു സാധാരണക്കാരനും ഗ്രഹിക്കുവാൻ സാധിക്കുന്ന ഭാഷയിലാണ് പുസ്തകം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏഴു ചെറു അധ്യായങ്ങൾ അടങ്ങുന്നവയാണ് അവ. ആദ്യ അധ്യായത്തിൽ സംഘപരിവാറിന്റെ ചിന്താ മണ്ഡലത്തിന്റെ ബൗദ്ധിക പിതാക്കന്മാരായ സവർക്കരുടെയും ഗോൾവാൾക്കറുടെയും എഴുത്തുകൾ ഉദ്ധരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. മനുസ്മൃതിയെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ആർഎസ്എസ്സിന് ഒരിക്കലും അംബേദ്‌കർ നിർമ്മിച്ച ഭരണഘടനയെ അംഗീകരിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ജാതി മത ലിംഗ വിവേചനമില്ലാത്ത ഇന്ത്യയെ നിലനിർത്തുവാൻ നിലകൊള്ളുന്ന ഭരണഘടനയെ തകർക്കുക എന്നത് സംഘപരിവാറിന്റെ ലക്ഷ്യമാണ് എന്ന ദേവനൂർ മഹാദേവ പറയുന്നു. ജാതി വ്യവസ്ഥയാണ് മനുസ്മൃതി രൂപകൽപ്പന ചെയ്യുന്നത്. ചാതുർവർണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു രാഷ്ട്രത്തിൽ അവർണർക്കോ സ്ത്രീകൾക്കോ അതുകൊണ്ട് അവകാശങ്ങൾ ഇല്ല. നാസി ജർമനിയോടുള്ള അമിത ആരാധനയും, ന്യൂനപക്ഷങ്ങളെ നാസികൾ കൈകാര്യം ചെയ്തവിധം ഇന്ത്യയും ഉന്മൂലനം ചെയ്യണം എന്നും ആഹ്വാനം ചെയ്യുന്ന സവർക്കരുടെയും ഗോൾവാൾക്കറുടെയും എഴുത്തുകൾ ഇന്ത്യ എന്ന ആശയത്തിന് തന്നെ എതിരാണ് എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിന്റെ ബൈബിളായ ഗോൾവാൾക്കറുടെ 'ബഞ്ച് ഓഫ് തൊട്ട്സ്' എന്ന പ്രസിദ്ധ പുസ്തകത്തിലാണ് സംഘപരിവാറിന്റെ ഒട്ടുമിക്ക ഹിന്ദുത്വ ചിന്തകളും അടങ്ങിയിരിക്കുന്നത്. അതിനെ പരിഹസിച്ച് കൊണ്ട് ദേവനൂർ മഹാദേവ പറയുന്നത് ഇങ്ങനെ: അതിൽ ചിന്ത മാത്രമില്ല.
'ഒരു രാജ്യം ഒരു പതാക ഒരു ചിന്താഗതി ഒരു വംശം ഒരു നേതാവ്' എന്ന നാസി മാതൃകയിൽ ബിജെപി സർക്കാരും ഭീമൻ പദ്ദതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനാൽ ബിജെപി സർക്കാരുകളുടെ കീഴിൽ ശ്വാസം കിട്ടാതെ വലയുകയാണ് ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾ എന്നതിന്റെ സന്ദർഭങ്ങളാണ് പിന്നീട് വരുന്ന അധ്യായങ്ങളിൽ ദേവനൂർ മഹാദേവ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയായാലും എലെക്ഷൻ കമ്മിഷനായാലും ഇതിനു ഉദാഹരണങ്ങളാണ്. സവർക്കറും ഗോൾവാൾക്കറും ഫെഡറലിസം എന്ന സങ്കൽപ്പത്തെ തകർക്കണം എന്നും അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇന്ത്യൻ ഫെഡറലിസത്തെ തകർക്കാൻ അവർ ചെയ്തു പോരുന്ന നാനാവിധ പദ്ധതികളിൽ അത്ഭുതവും ഇല്ല എന്നും ദേവനൂർ കൂട്ടിച്ചേർക്കുന്നു. ജിഎസടി പോലുള്ള നിയമ വ്യവസ്ഥകൾ ഇത്തരത്തിൽ ഇന്ത്യൻ ഫെഡറലിസത്തിനു മൂക്കുകയർ ഇടുകയാണ്, ദേവനൂർ മഹാദേവയുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ മുമ്പിൽ അവരുടെ ഓഹരി നേടാൻ ഓശാനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.
'ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ' എന്ന പദ്ധതി നടപ്പിലാക്കാനാണ് ഇന്ന് ബിജെപി സർക്കാർ ശ്രമിക്കുന്നത് എന്ന ദേവനൂർ മഹാദേവ വായനക്കാരെ ഓർമിപ്പിക്കുന്നു, ഇതിന്റെ ഭാഗമായിട്ടാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഹൈന്ദവരല്ലാതെ മറ്റു മതസ്ഥർക്കെതിരായ അക്രമങ്ങൾക്കും തെല്ലും കുറവില്ല. അത് കേവലം മുസ്ലിം വിരുദ്ധത മാത്രമല്ല, മറിച്ച് എല്ലാ ഹൈദവ ഇതര മതവിശ്വാസികളെയും ഊന്മൂലനം ചെയ്യണം എന്നതാണ് സംഘപരിവാർ അജണ്ട എന്നും ദേവനൂർ മഹാദേവ എഴുതുന്നു. ഒരുപക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ ഛത്തിസ്ഗറിൽ ക്രിസ്ത്യാനികൾക്ക് എതിരെ നടന്ന അതിക്രമങ്ങൾ ഇതിനു ഉദാഹരണമാണ്. ഇന്ത്യയിൽ രൂപകൊണ്ട മറ്റു മതങ്ങളായ സിക്ക്, ജൈന, ബുദ്ധ മതങ്ങളോട് നീരസം തോന്നുവാനുള്ള കാരണം ഈ മതങ്ങൾ മനുസ്മൃതി അനാവരണം ചെയ്ത ചാതുർവർണ്യത്തെ നിരാകരിക്കുന്നത്കൊണ്ടാണ് എന്ന് എഴുത്തുകാരൻ ചൂണ്ടികാണിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന അവർണ്ണ ജാതിയിൽ പെടുന്നവർ ക്രൈസ്തവ-ഇസ്ലാമിക മതപരിവർത്തനം ചെയ്യുന്നതും ജാതി വിവേചനങ്ങൾ മറികടക്കുവാൻ വേണ്ടിയാണു. ഈ കാരണങ്ങളാലൊക്കെ തന്നെ മറ്റു മതങ്ങളെ എല്ലാം ബിജെപി എതിർക്കുന്നു. അതിനെ തടയിടുവാൻ വേണ്ടി നിയമ നിർമ്മാണങ്ങൾ നടത്തുന്നു. തന്റെ സ്വന്തം സംസ്ഥാനമായ കർണാടകയിൽ ബിജെപി സർക്കാർ നിലവിൽ കൊണ്ട് വന്ന മതപരിവർത്തന നിയന്ത്രിത നിയമമാണ് ദേവനൂർ മഹാദേവ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ നിയമം അനുസരിച്ച മതം മാറാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുന്നേ നോട്ടീസ് നൽകേണ്ട അവസ്ഥയാണ്. നൽകിയ നോട്ടീസിന് പൊതുജനങ്ങളുടെ എതിർപ്പില്ലെങ്കിൽ മാത്രമേ മതം മാറുവാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം എത്രത്തോളം നീചവും വിദ്വേഷം നിറഞ്ഞതുമാണ് എന്ന് വായനക്കാർക്ക് വെളുപ്പെടുത്തി കൊടുത്ത ശേഷം, ഇന്ത്യയെ വീണ്ടെടുക്കേണ്ടതിന് അടിയന്തിരമായ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കണമെന്ന് എഴുത്തുകാരൻ ആഹ്വാനം ചെയ്തു കൊണ്ട് പുസ്തകം അവസാനിക്കുന്നു.
ചരിത്രത്തെ വളച്ചൊടിക്കുക എന്നതാണ് എക്കാലത്തും സംഘപരിവാർ അജണ്ട. ആര്യന്മാരുടെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള കുപ്രചാരങ്ങൾ സംഘത്തിന്റെ തുടക്കകാലം മുതലേ ഉണ്ട്. ഇന്ത്യ എന്ന ആശയത്തിന്റെ ഉത്ഭവത്തെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന തരത്തിലുള്ളതാണ് സംഘത്തിന്റെ പല അവകാശ വാദങ്ങളും. സംഘപരിവാർ ഇതുവരെയും തിരിച്ചറിയാത്ത ഒന്നാണ് ഇന്ത്യ എന്ന ഭൂരേഖ ബ്രിട്ടീഷുകാരുടെ വരവോടു കൂടി മാത്രമാണ് അനായാസമായി കാണപ്പെടാവുന്ന ഒന്നായി മാറുന്നത്. അതുപോലെ തന്നെ ആര്യന്മാർ ഇന്ത്യയിൽ അല്ല ഉത്ഭവിച്ചത് എന്ന ചരിത്ര വസ്തുതയെ സംഘപരിവാർ മനഃപൂർവം തുടച്ചുമാറ്റാൻ ശ്രമിക്കുന്ന ഒന്നാണ്. പിൽകാലത്ത് 98ൽ മുരളി മനോഹർ ജോഷി വിദ്യാഭാസ മന്ത്രി ആയിരിക്കെ ചരിത്ര പാഠഭാഗങ്ങൾ വൻതോതിൽ ബേദഗതി വരുത്തിയതും കുപ്രസിദ്ധമായിരുന്നു. ഇന്ന് വീണ്ടൂം അധികാരത്തിൽ വന്ന ശേഷം ഇത് വൻ തോതിൽ വീണ്ടും ആവർത്തിക്കുന്നു. അതോടൊപ്പം ഇന്ന് ഈ പ്രചാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സോഷ്യൽ മീഡിയയിലെ ബിജെപി ഐടി സെല്ലാണ്. മുസ്ലിം വിരുദ്ധത മുതൽ ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്ന വാട്സാപ്പ് ഫോർവേഡുകൾ വരെ കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ഇവർ നിറവേറ്റുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ബിബിസിയുടെ മോദിയെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾ സംഘപരിവാർ എത്രത്തോളം ചരിത്രത്തെ ഭയപ്പെടുന്നു എന്നതിന് ഉദാഹരണമായി കൂട്ടിച്ചേർക്കാവുന്നതാണ്.
ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കുവാൻ ആഹ്വാനം ചെയ്യുകയാണ് ദേവനൂർ മഹാദേവ. അതിനു എല്ലാ ജനാധിപത്യവാദികളും ഒറ്റകെട്ടായി ഒന്നിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ നമ്മൾ മനസിലാക്കേണ്ട ഒന്ന്, അങ്ങനെ കേവലം ഒരു തിരഞ്ഞെടുപ്പിലെ വിജയം വഴിയുള്ള ഭരണ കൈമാറ്റം കൊണ്ട് മാത്രം അവസാനിക്കുന്നതല്ല സംഘപരിവാർ രാജ്യത്തിൽ വരുത്തിവച്ച നഷ്ടങ്ങൾ. ഇതിനോടപ്പം തന്നെ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വസ്തുതയാണ് ഇന്ന് സംഘപരിവാറിനെ പ്രത്യാശാത്രപരമായി എതിർക്കാൻ പോന്ന ഒരു ശക്തി ഇന്ത്യയിൽ ഇല്ല എന്നുള്ളതാണ്. ഒരു രാജ്യത്തിന്റെ അല്ലെങ്കിൽ ലോകത്തിന്റെ ഗതിയെ വിലയിരുത്തുമ്പോൾ നാം ആദ്യ പരിഗണന നൽകേണ്ടത് ഇന്ന് ആഗോളതലത്തിൽ എങ്ങനെയാണ് മൂലധനം പ്രവർത്തിക്കുന്നത് എന്നതാണ്. അത്തരത്തിലുള്ള നീരീക്ഷണങ്ങളോ വിമർശനങ്ങൾക്കോ പുസ്തകത്തിൽ ദേവനൂർ മഹാദേവ തയ്യാറാറിവുനില്ല. എന്നാൽ ബിജെപി സർക്കാർ നിലവിൽ വന്ന ശേഷമുള്ള അംബാനി, അദാനി തുടങ്ങിയ അതി സമ്പന്നരുടെ വളർച്ച പുസ്തകത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്. ഇവിടെ നമ്മൾ മനസിലാക്കേണ്ടത് ബിജെപിക്കു പകരം ഇന്ന് കോൺഗ്രെസ്സോ മറ്റേതെങ്കിലും പാർട്ടിയോ ആയിരുന്നു അധികാരത്തിൽ എങ്കിൽ ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമായിരുന്നോ എന്നാണ്. അതുകൊണ്ടു തന്നെ കേവലം ഒരു തിരഞ്ഞെടുപ്പിലെ അധികാര കൈമാറ്റം കൊണ്ട് മാത്രം ഇന്ത്യയെ സംരക്ഷിക്കാം സാധിക്കും എന്ന് വിശ്വസിക്കുന്നത് ഉപരിപ്ലവമായ ഒന്നാണ്. ഒരു സമൂലമായ മാറ്റമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ആഗോള മുതലാളിത്തത്തെ വിലയിരുത്തുകയും പഠിക്കുകയും വേണ്ടി വരും. കാരണം ജാതി ഉൾപ്പടെ എല്ലാ സാമൂഹിക ബന്ധങ്ങളുടെയും അടിസ്ഥാനം മൂലധനം-അധികാര ബന്ധങ്ങളാണ്.
ദേവനൂർ മഹാദേവ അത്തരത്തിൽ ഉള്ളൊരു പഠനത്തിന് തന്റെ ഈ ചെറു പുസ്തകത്തിൽ തയ്യാറാവുന്നില്ല. അങ്ങനെ ഒരു ശ്രമവുമല്ല തന്റെ ഈ പുസ്തകം എന്നും അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. മറിച്ച് ഈ ചെറു പുസ്തകം വരും കാലങ്ങളിൽ സംഘപരിവാറിനെ തളയ്ക്കാൻ മുതിരുന്നുവർക്ക് ഒരു പ്രചോദനം നൽകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. സംഘപരിവാറിനെ ആഴത്തിൽ മനസിലാക്കുവാൻ ഈ ചെറു പുസ്തകം നമ്മളെ സഹായിക്കും. അത് വരും കാലങ്ങളിൽ പ്രത്യയശാസ്ത്രപരമായി ബിജെപിയെ നേരിടുന്നത്തിൽ നമ്മളെ കൂടുതൽ പ്രാപ്തരാക്കും. അതുകൊണ്ടു തന്നെ വായനയിൽ അല്ല മറിച്ച് വായനക്ക് ശേഷം നമ്മൾ എന്ത് ചെയ്യുന്നതിലാകും പ്രസക്തി. വലിയ ഒരു ശതമാനം വരുന്ന ജനങ്ങൾക്ക് സംഘപരിവാറിന്റെ തത്വശസ്ത്രത്തെ വളരെ എളുപ്പത്തിൽ അറിയുവാനും അതുവഴി ബിജെപി ഐടി സെല്ലിന്റെ കുപ്രചാരങ്ങളിൽ വീഴാതെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ അത് നമ്മളെ പ്രാപ്‌തരാക്കും. ഇന്ത്യ ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്, അതിനെ മറികടക്കുവാൻവേണ്ടിയുള്ള ഏറ്റവും വലിയ മുതൽക്കൂട്ട് അതിനു കരണക്കാരായവരെ മൗലികമായ തലത്തിൽ പ്രത്യയശാസ്ത്രപരമായി നേരിടാൻ സജ്ജരാകുക എന്നതാണ്. ആ കർത്തവ്യം നിറവേറ്റുന്നതിൽ ദേവനൂർ മഹാദേവ വിജയിച്ചു.
Write a comment ...