ഊഹാപോഹ സിദ്ധാന്തങ്ങൾക്ക്​ നൽകുന്ന സമ്മാനമാണോ സാമ്പത്തികശാസ്​ത്ര നൊബേൽ?

ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസമാണ് റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയെ സംബന്ധിച്ച പഠനത്തിന് മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്‌ദ്ധരായ ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് ഇക്കുറി അംഗീകാരം ലഭിച്ചത്. ഇതിനോടകം തന്നെ അക്കാദമിക ലോകത്തു നിന്നും അഭിനന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു തുടങ്ങി.

പുരസ്‌കാരം നൽകികൊണ്ടുള്ള പ്രസ്താവനയിൽ നൊബേൽ സമ്മാന കമ്മിറ്റി ചൂണ്ടികാട്ടിയത്, "ഇവരുടെ കണ്ടെത്തലുകൾ സമൂഹം സാമ്പത്തിക പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ മെച്ചപ്പെടുത്തി" എന്നാണ്. പുത്തൻ സമ്പദ്ഘടനയിൽ ബാങ്കുകളുടെ പ്രാധാന്യം, ബാങ്കുകളുടെ ദുർബലത എങ്ങനെ കുറക്കാം, സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ ബാങ്കുകളെ എങ്ങനെ താങ്ങി നിറുത്തുവാൻ സാധിക്കും എന്നിവയാണ് മൂവരുടെയും പഠന മേഖല. 

ഇനി ഇതിൽ ഏറ്റവും കൗതുകമുള്ള കാര്യം 2008  സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ  ബെൻ എസ്. ബെർണാൻകി ആയിരുന്നു അമേരിക്കൻ ഫെഡറൽ റിസേർവ് ചെയർപേഴ്സൺ. ബാങ്കിങ് മേഖലയെപറ്റി ഇത്ര ആഴത്തിൽ പഠിച്ച ഒരാൾക്ക് എന്തുകൊണ്ട് അത്രയും വലിയ ഒരു പ്രതിസന്ധി മുൻകൂട്ടി കാണുവാൻ കഴിഞ്ഞില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ്.  അങ്ങനെ ഒരാൾക്ക് എന്ത് മാനദണ്ഡങ്ങൾ നോക്കിയാലും നൊബേൽ കൊടുക്കാൻ അർഹത ഉണ്ടോ എന്നുള്ളത് മറ്റൊരു ചോദ്യമാണ്. ഇനി നയപരമായ തീരുമാനങ്ങളും  അക്കാദമിക പാണ്ഡിത്യവും  കൂട്ടികുഴക്കരുത് എന്നാണ് വാദം എങ്കിൽ, മൂവരുടെയും പഠനങ്ങളിൽ അടിസ്ഥാനപരമായ ചില പിശകുകൾ ഉണ്ടെന്നും വിമർശകർ ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ചും ബാങ്കുകളെ കേവലം intermediaries(ഇടനിലക്കാർ) മാത്രമായി കാണുന്ന സമീപനത്തിന്.

2008ലെ മാന്ദ്യത്തിലേയ്ക്കും  ബെൻ എസ്. ബെർണാൻകിലെയ്ക്കും തന്നെ തിരിച്ചു വരാം. ഫെഡറൽ റിസേർവിന്റെ തലപ്പത്ത് ബെർണാൻകി ഇരുന്നപ്പോഴും വിവാദങ്ങൾക്ക് ഒട്ടും കുറവ് ഇല്ലായിരുന്നു. ഫെഡറൽ റിസർവിന്റെ പങ്കിൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതിനു പകരം സ്വകാര്യ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മെച്ചപ്പെടുത്തലിലായിരുന്നു ബെർണാൻകിയുടെ ശ്രദ്ധ എന്ന് പറഞ്ഞാലും തെറ്റില്ല. മാന്ദ്യത്തിൽ നിന്നും കരകയറ്റാൻ വാൾ സ്ട്രീറ്റ് കുത്തകകളെ വൻ തുക നൽകി രക്ഷിച്ചതും ബെർണാൻകി എന്ന സാമ്പത്തിക നയ നിർമ്മാതാവിന്റെ കീഴിലായിരുന്നു. ഇതേ കാലയളവിൽ ഫണ്ട്സ്സ്  ഇന്ററെസ്റ്റ്  റേറ്റ് കുറച്ചും, ക്വാണ്ടിറ്റേറ്റീവ് ലഘൂകരണ നയങ്ങൾ വഴിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് സഹായം നൽകി എന്ന ആക്ഷേപവുമുണ്ട്. വലതു പക്ഷ നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പതാകവാഹകനായ മിൽട്ടൺ ഫ്രീഡ്മാനും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയും തുടങ്ങി വെച്ച രൂപ രേഖകളുടെ കേവലം പിന്തുടർച്ചക്കാരൻ മാത്രമാണ് ബെർണാൻകി എന്ന്  മനസിലാക്കുവാൻ സാധിക്കും. ലക്ഷ കണക്കിന് പേരുടെ ജീവിത മാർഗങ്ങളെ തകിടം മറിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തലപത്ത് ഇരുന്ന ഒരാൾ  പോലും ശിക്ഷിക്കപ്പെടുക പോലും ചെയ്തില്ല എന്നുകൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. 

ഇനി വസ്തുനിഷ്ഠമായി സംസാരിക്കുകയാണെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിനു നൊബേൽ സമ്മാനം എന്ന പ്രയോഗം തന്നെ തെറ്റാണ്. 1969ൽ ആൽഫ്രഡ്‌ നൊബേലിന്റെ സമരണാർത്ഥം ബാങ്ക് ഓഫ് സ്വീഡൻ ആരംഭിച്ച 'The Sveriges Riksbank Prize in Economic Sciences' ആണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. മറ്റു നൊബേൽ സമ്മാനങ്ങൾ വെച്ച് പരിഗണിക്കുമ്പൾ സാമ്പത്തിക ശാസ്ത്രത്തിന്റെ നൊബേൽ മാത്രം ഒരു ബാങ്കാണ് നൽകുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും നൽകുന്ന ബാങ്കിന്റെ പ്രത്യയശാസ്ത്രവും സമ്മാനം ലഭിച്ചവരും തമ്മിൽ വലിയ അന്തരം കാണാറില്ല. അവാർഡ് നൽകാൻ തുടങ്ങിയതിനു ശേഷം ഇത്തവണത്തേയും കൂടി കൂട്ടി ഇത് തൊണ്ണൂറ്റി ഏഴാമത്തെ തവണയാണ് യൂണിവേഴ്സിറ്റി  ഓഫ് ചിക്കാഗോയുമായി ബന്ധപ്പെട്ട ഒരാൾക്ക് അവാർഡ് ലഭിക്കുന്നത്(ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്). നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ. അതായത് ഗണിതശാസ്ത്ര നിർമിതികൾ കൊണ്ട്  സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ച  ഊഹാപോഹ സിദ്ധാന്തങ്ങൾ രൂപീകരിച്ചവർക്കാണ് മൂന്നിൽ രണ്ടു തവണയും നൊബേൽ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ ആൽഫ്രഡ്‌ നൊബേൽ തുടങ്ങിവെച്ച  'മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുക' എന്ന ഉദ്ദേശത്തിനു നേർ വിപരീതം. 

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ആയിരുന്നു ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ സിദ്ധാന്തങ്ങളുടെ ആദ്യ പരീക്ഷണശാല. ചിലെ മുതൽ ബൊളീവിയ തൊട്ട് എല്ലാ രാജ്യങ്ങളും ഇത്തരത്തിൽ 'ചിക്കാഗോ ബോയ്സ്' എന്ന പേരിൽ അറിയപ്പെട്ട ഈകൂട്ടർ നാശോന്മുഖമാക്കി. ആദം സ്മിത്ത് പ്രവചിച്ചതുപോലെ സർക്കാരുകളുടെയോ മറ്റു സർക്കാർ സ്ഥാപനങ്ങളുടെയോ നിയന്ത്രണം ഇല്ലാതാവുന്നോതോടുകൂടി വിപണി പരമാവധി സ്വാതന്ത്ര്യം കൈവരിക്കുകയും 'അദൃശ്യ കരങ്ങളുടെ' പ്രവർത്തനത്തിലൂടെ അസമത്വം ഇല്ലാതെയാവുകയും ചെയ്യും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ അങ്ങനെ അല്ല സംഭവിച്ചത് എന്നത് ചരിത്രം. നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രത്തിനു ചുക്കാൻ പിടിച്ച മിൽട്ടൺ ഫ്രീഡ്മാനും നൊബേൽ സമ്മാനം ലഭിക്കാതെ ഇരുന്നില്ല. 

ഇന്ന് സാമ്പത്തിക ശാസ്ത്രം എന്ന പേരിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ബഹുഭൂരിപക്ഷ ആശയങ്ങളും സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ചുള്ള  പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ വേണ്ടി നിർമിച്ചവയാണ്. 1960ന്റെ ആരംഭത്തോടുകൂടി സാമ്പത്തിക വിദഗ്ധർ മൂലധനത്തിന്റെ  അപകടസാധ്യത അളക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സങ്കീർണ്ണമായ സൂത്രവാക്യങ്ങൾ രൂപപ്പെടുത്താൻ തുടങ്ങി. വില്യം എഫ്. ഷാർപ്പ്, ഹാരി മാർകോവിറ്റ്സ്, ഫിഷർ ബ്ലാക്ക്, മൈറോൺ ഷോൾസ് തുടങ്ങിയവരായിരുന്നു ഇവരിൽ പ്രധാനികൾ. അങ്ങനെ സാമ്പത്തിക എഞ്ചിനീയറിംഗ് എന്ന ഒരു മേഖല തന്നെ ആരംഭിക്കുകയും ചെയ്തു. മേല്പറഞ്ഞ വ്യക്തികൾക്ക് എല്ലാം നൊബേൽ സമ്മാനവും ലഭിച്ചു. ഇവരുടെ സിദ്ധാന്തങ്ങളിൽ എല്ലാം മനുഷ്യനെ 'ഹോമോ എക്കണോമിക്കസ്' ആയിട്ടാണ് പരിഗണിച്ചിരുന്നത് - അതായത് യുക്തിസഹമായി തീരുമാനങ്ങൾ എടുക്കുന്നവർ. ഇതിനു പുറമെ വിപണിയെ  സ്വതന്ത്രവും ന്യായവുമായ ഒന്ന് എന്ന അനുമാനവും. ഇതേ സമയം തന്നെ കെയ്‌നീഷ്യൻ മാതൃകയും ഫ്രീഡ്മാൻ മാതൃകയും തമ്മിലുള്ള സൈദ്ധാന്തിക യുദ്ധവും നടന്നു. എന്നാൽ ഈ കൂട്ടർക്കും മേല്പറഞ്ഞ അനുമാനങ്ങളിൽ എതിർപ്പ് ഇല്ലായിരുന്നു. കൂടാതെ ജിഡിപി ആണ് ഒരു സമ്പദ്ഘടനയുടെ വളർച്ച നിശ്ചയിക്കുന്നത് എന്നതിൽ തർക്കവും ഇവരിൽ ആർക്കും ഇല്ലായിരുന്നു. സങ്കീർണ്ണമായ ഗണിതശാസ്ത്ര മാതൃകകളെയാണ് അതിനു വേണ്ടി അവർ ആശ്രയിച്ചതും. 

ഇന്ന് നേസാമ്പത്തികശാസ്ത്രത്തിന്റെ പ്രതിസന്ധികൾരിടുന്ന പാരിസ്ഥിതികമായ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം ഇത്തരത്തിൽ ജിഡിപി വളർച്ച മാത്രം മാനദണ്ഡമാക്കി അനിയന്ത്രിതമായി മുന്നേറുന്ന മുതലാളിത്ത വ്യവസ്ഥയാണ് എന്ന് ഒട്ടുമിക്ക ഇതര സാമ്പത്തിക വിദഗ്ധരും അംഗീകരിക്കുന്ന ഒന്നാണ്. 'ബിഹേവിയർ എക്കണോമിക്സ്'ന്റെ ആരംഭത്തോടുകൂടി ഹോമോ എക്കണോമിക്കസ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾക്ക് ചെറിയ രീതിയിലുള്ള തട ഇടാൻ സാധിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിനു ഗണിത മാതൃകളോടുള്ള അമിത ആശ്രയമാണ്  ഒരു സമൂല മാറ്റത്തിന് എതിര് നിൽക്കുന്നത്. 'മാത്തമറ്റിക്കൽ മോഡൽ' ഉണ്ടെങ്കിൽ മാത്രമേ ശുദ്ധ ശാസ്ത്രം ആവുകയുള്ളൂ എന്ന ഒരുതരം മിഥ്യാധാരണയാണ് ഇതിനു കാരണം എന്ന് പറയേണ്ടിയിരിക്കുന്നു. 

ഇന്ന് സാമ്പത്തിക ശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഒരുപക്ഷെ ഗണിതശാസ്ത്ര മാതൃകളോടുള്ള ഒരുതരം അധിനിവേശമാണ്. സാമൂഹിക ശാസ്ത്രത്തിന്റെ മറ്റു വശങ്ങളെ പാടെ പരിഗണിക്കാതെയുള്ള ഈ പാച്ചിൽ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തെ ഒരു അടഞ്ഞ സിദ്ധാന്തമായി തീർക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ജനങ്ങളിലെ അസമത്വം ഉന്മൂലനം ചെയ്യുവാനുള്ള കർമ്മ പദ്ധതികൾ ഇന്നത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കയ്യിൽ ഇല്ല. തോമസ് പിക്കെറ്റിയോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ  'മൂലധനം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ഒരു വരി ഉദ്ദരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: "To put it bluntly, the discipline of economics has yet to get over its childish passion for mathematics and for purely theoretical and often highly ideological speculation, at the expense of historical research and collaboration  with the other social sciences."

Write a comment ...

Write a comment ...